ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി അതിഷി മർലേന രാജിസമർപ്പിച്ചു. ഡൽഹി ലഫ് ഗവർണർ വി.കെ. സക്സേനയെ നേരിട്ട് കണ്ടാണ് അതിഷി രാജി സമർപ്പിച്ചത്. ഇതിനെ തുടർന്ന് രാജ്യതലസ്ഥാനത്തെ ഏഴാം മന്ത്രിസഭ പിരിച്ചുവിടുന്നതായി ഗവർണർ അറിയിച്ചു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പരാജയം ഉൾപ്പെടെ വലിയ തിരിച്ചടിയാണ് ഡൽഹിയിൽ എ.എ.പി നേരിട്ടത്.
ഡൽഹിയിലെ 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ ബി.ജെ.പി. പിടിച്ചെടുത്തിരുന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ ഏട്ട് സീറ്റിൽ മാത്രം വിജയിച്ച സ്ഥാനത്താണ് അഞ്ച് വർഷത്തിനിപ്പുറം 48 സീറ്റുകൾ ബിജെപി നേടിയത്. അതേസമയം, 2020 നിയമസഭാ തിരഞ്ഞെടുപ്പിൽ 62 സീറ്റുകളിൽ വിജയിച്ച ആം ആദ്മി പാർട്ടി 22 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. അതേസമയം, കോൺഗ്രസിന് ഒരു സീറ്റിലും ജയിക്കാനായില്ല.
എ.എ.പി. നാഷണൽ കൺവീനർ അരവിന്ദ് കെജ്രിവാൾ, സൗരഭ് ഭരത്വാജ്, മനീഷ് സിസോദിയ, തുടങ്ങിയ നേതാക്കളാണ് തോൽവി ഏറ്റുവാങ്ങിയത്. ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന കൽകാജി സീറ്റിൽ 3521 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന വനിത കൂടിയാണ് അതിഷി. ഡൽഹിയുടെ വിദ്യാഭ്യാസ വിപ്ലവത്തിൽ നിർണായക പങ്ക് വഹിച്ചതും അതിഷിയായിരുന്നു. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ പിന്നിൽ പ്രവർത്തിച്ച കരങ്ങളിലൊന്ന് അതിഷിയുടേതായിരുന്നു.