ജോലി വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കൗൺസിലർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ദളിത് യുവതി. പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറായ പ്രശോഭ് സി. വത്സനെതിരെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്.

ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും ഇയാൾ പീഡിപ്പിച്ചു.

പിന്നീട് നഗരത്തിലെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് യുവതി പ്രതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടായിരുന്നു. താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്.

തുടർച്ചയായ ഭീഷണികളും പീഡനങ്ങളും സഹിക്കവയ്യാതെയാണ് പരാതിയുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.

Related Posts