പൊലീസ് കസ്റ്റഡി മർദനങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. രണ്ട് മണിവരെ വിഷയം ചർച്ച ചെയ്യാനാണ് സ്പീക്കർ അനുമതി നൽകിയത്. സംസ്ഥാനത്ത് വിഷയം വലിയ രീതിയിൽ മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതാണെന്നും അതിനാൽ സഭയിലും ചർച്ച ചെയ്യുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ പി എ മജീദ്, മോൺസ് ജോസഫ് അനൂപ് ജേക്കബ്, മാണി സി കാപ്പൻ, റോജി എം ജോൺ, കെ കെ രമ എന്നിവരാണ് നോട്ടീസ് നൽകിയത്.
സഭാസമ്മേളനത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചുകൊണ്ട് രാഹുൽ ഇന്നലെ സഭയിലെത്തിയിരുന്നു. പാർട്ടി രാഹുലിന് സഭയിൽ എത്തേണ്ടതില്ലെന്ന് നിർദേശം നൽകിയതായാണ് വിവരം.