താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ. കാക്കനാട്ടെ ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ശ്വേതാ മേനോൻ തൻ്റെ തീരുമാനം അംഗങ്ങളെ അറിയിച്ചത്. എന്നാൽ രാജിയിൽ നിന്ന് പിന്മാറാൻ മറ്റ് ഭാരവാഹികളും അംഗങ്ങളും ശ്രമം തുടരുന്നതായാണ് വിവരം.

സംഘടനയ്ക്കുള്ളിലെ വിവാദങ്ങളും ഭിന്നതകളും ചർച്ചയായ യോഗത്തിൽ, ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച നടി അൻസിബ ഹസൻ ഉന്നയിച്ച പരാതികളും പ്രധാന വിഷയമായി. നടൻ ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരായ പരാതികൾ ജനറൽ ബോഡിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാരണം കാണിക്കൽ നോട്ടീസിന് അൻസിബ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നതും യോഗത്തിൽ ചർച്ചയായി.

സമീപകാലത്ത് സംഘടന നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങൾ ‘അമ്മ’യുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി വിലയിരുത്തപ്പെടുന്നു. പ്രമുഖ താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം, മുൻനിര താരങ്ങളിൽ നിന്ന് മോഹൻലാൽ മാത്രമാണ് യോഗത്തിൽ സാന്നിധ്യം അറിയിച്ചത്.

നേതൃത്വ പ്രതിസന്ധിയും അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, ജനറൽ ബോഡി യോഗത്തിലെ തീരുമാനങ്ങൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ നിർണയിക്കുന്നതായിരിക്കും.

Related Posts