മുൻ എംപിയും മുതിർന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പ് അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെക്കുറിച്ച് തൻ്റെ ഓർമ്മക്കുറിപ്പിൽ പങ്കുവച്ച അനുഭവം വിവാദത്തിൽ. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞതായുള്ള സുരേഷ് കുറിപ്പിന്റെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഒരു മാദ്ധ്യമത്തിന് നൽകിയ ഓർമ്മക്കുറിപ്പിലാണ്.
താൻ പിടിച്ച മുയലിന് 3 കൊമ്പ് എന്നതായിരുന്നു വിഎസ് നയം. വിഎസ് പോരാട്ടം ഒറ്റപ്പെട്ടപ്പോഴും തുടർന്നു കൊണ്ടേയിരുന്നു. സമ്മേളനത്തിൽ അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ലവർ അദ്ദേഹത്തിനെതിരെ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചു. ഒരു കൊച്ചു പെൺകുട്ടി അദ്ദേഹത്തിൻ്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു.
വിഎസ് ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്തുനിന്ന് വീട്ടിലേക്കു പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല- എന്നാണ് ഓർമ്മക്കുറിപ്പിൽ സുരേഷ് കുറുപ്പ് പങ്കുവച്ചത്.