കേന്ദ്ര സർക്കാരിൻ്റെ ‘പിഎം ശ്രീ’ വിദ്യാഭ്യാസ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ സിപിഐ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. പാർട്ടി നേതൃത്വത്തിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിക്കണമെന്ന ആവശ്യം സിപിഐയിൽ ശക്തമാണ്.
വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിപിഐയിലെ പൊതുവികാരം. മുന്നണി മര്യാദകൾ ലംഘിക്കപ്പെട്ടത് ഒരു ആയുധമാക്കി സിപിഎം നേതൃത്വത്തിനെതിരെ പോരാട്ടം ശക്തമാക്കാനാണ് സിപിഐയുടെ നീക്കം.