ഗതാഗതക്കുരുക്കിന് പരിഹാരമായി ജാലഹള്ളി ക്രോസിൽ അടിപ്പാത നിർമാണം എത്രയും വേഗം ആരംഭിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതിക്കായി ഏറ്റെടുക്കേണ്ട 48 ഭൂസ്വത്തുക്കളിൽ 22 എണ്ണം ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ശേഷിക്കുന്ന 26 എണ്ണം കാലതാമസമില്ലാതെ ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാലഹള്ളി ക്രോസിന് സമീപത്തെ റോഡുകൾ പരിശോധിച്ച ശേഷമാണ് ചീഫ് കമ്മീഷണർ നിർദേശം നൽകിയത്. അടിപ്പാതയ്ക്കായി ഇതിനകം ഏറ്റെടുത്ത ഭൂമിയിൽ സർവീസ് റോഡ് നിർമിച്ച് വാഹനഗതാഗതം സുഗമമാക്കാനും അദ്ദേഹം നിർദേശിച്ചു. സർവീസ് റോഡ് സജ്ജമാക്കിയശേഷം അടിപ്പാത നിർമാണം ആരംഭിക്കാനാണ് തീരുമാനം.
ജാലഹള്ളി ക്രോസ് മുതൽ എൻടിടിഎഫ് വഴി സോണൽ ഗാർമെന്റ്സ്, ടിവിഎസ് ക്രോസ് ജങ്ഷൻ വരെയുള്ള 2.5 കിലോമീറ്റർ റോഡിലെ വൈറ്റ് ടോപ്പിങ് ജോലികളും വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിൽ ഈ പാതയിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടത്തിവരികയാണ്.
അടിപ്പാത നിർമാണം, സർവീസ് റോഡ് ഒരുക്കൽ, വൈറ്റ് ടോപ്പിങ്, റോഡിലെ കുഴികൾ അടയ്ക്കൽ തുടങ്ങിയ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിലൂടെ ജാലഹള്ളി ക്രോസിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.