ബംഗളൂരു – മൈസുരു ഹൈവേയിലെ കെമ്പഗൗഡ സർക്കിളിൽ ഫ്ലൈഓവർ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ചീഫ് സെക്രട്ടറി ഉമാ ശങ്കർ അറിയിച്ചു. ധാരിവാൾ ബിൽഡ്‌ടെക് ലിമിറ്റഡിന് കരാർ നൽകിയിട്ടുണ്ടെന്നും നിർമ്മാണം തുടങ്ങുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഉടൻതന്നെ പണി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ഇതിലൂടെ മൈസൂരുവിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നം യാഥാർഥ്യമാകുകയാണെന്ന് മൈസൂർ-കുട ക്. എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ പറഞ്ഞു.
മണിപ്പാൽ ആശുപത്രി ജങ്ഷനിൽ ഹൈഓവർ വേണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യം മുൻനിർത്തി എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരുമായി പല തവണ കൂടിക്കാഴ്‌ചകൾ നടത്തുകയും എത്രയുംവേഗം പദ്ധതി നടപ്പാക്കുന്നതിനായി സമ്മർദം ചെലുത്തുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈസൂരു-ബംഗളൂരു ഹൈവേയിൽ നിന്ന് ഫ്ലൈഓവർ വരുന്നതോടെമൈസൂരു നഗരത്തിലേക്കും, മൈസൂർ റിങ് റോഡിലേക്കും പ്രവേശിക്കുന്നതിനും തിരിച്ചുമുള്ള ഗതാഗതക്കുരുക്ക് കുറക്കാൻ സാധിക്കും