മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ തങ്കച്ചൻ ദിവസങ്ങളോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിയമസഭാ സ്പീക്കർ, യുഡിഎഫ് കൺവീനർ, കെപിസിസി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. റവ ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലായ് 29ന് അങ്കമാലിയിൽ ആണ് തങ്കച്ചൻ ജനിച്ചത്. തേവര എസ്എച്ച് കോളേജിലെ ബിരുദത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു.
1991-95ലെ കെ കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-96ലെ എകെ ആൻ്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും 1996-2001ലെ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു. 2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് പ്ലെയർമാനായും കെപിസിസിയുടെ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. 2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ യുഡിഎഫ് കൺവീനറായ തങ്കച്ചൻ 2018 വരെ കൺവീനറായി തുടർന്നു.
1968ൽ പെരുമ്പാവൂർ കോർപ്പറേഷൻ ചെയർമാനായിട്ടായിരുന്നു പൊതുരംഗത്തേക്ക് പ്രവേശിച്ചത്. 1968ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചൻ്റെ പേരിലാണ്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായിരുന്നു. 1977 മുതൽ 1989 വരെ എറണാകുളം ഡിസിസി പ്രസിഡണ്ടായും 1980-82 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 1982ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും (1987, 1991, 1996) പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു. 2001ലെ നിയമസഭതിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു
പരേതയായ ടി.വി. തങ്കമ്മയാണ് ഭാര്യ. വ്യവസായിയായ വര്‍ഗീസ് തങ്കച്ചന്‍, ഡോ. രേഖ പി. തങ്കച്ചന്‍ (മൗലാന ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ), ഡോ. രശ്മി പി.തങ്കച്ചന്‍ (ഷാര്‍ജ) എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ. സാമുവേല്‍കോശി (ഐ.എം.എ.സംസ്ഥാന പ്രസിഡണ്ട്, മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ), ഡോ. തോമസ് കുര്യന്‍ (ഷാര്‍ജ), ഡെന്നിവര്‍ഗീസ്.