ഡൽഹി കൽക്കാജി ക്ഷേത്രത്തിന് സമീപത്തെ പാർക്കിൽ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 17കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ആസിഫ് എന്നയാളെ ഡൽഹി പൊലീസ് പിടികൂടി. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പെൺകുട്ടിയും ആൺസുഹൃത്തും പാർക്കിലെത്തിയത്. ഇതിനിടെ 25നും 30നും ഇടയിൽ പ്രായമുള്ള മൂന്ന് പേർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ഇവരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആയുധങ്ങൾ കാട്ടി ആൺസുഹൃത്തിനെ തടഞ്ഞുവച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആസിഫിനെ കണ്ടെത്തിയത്. പൊലീസുമായുണ്ടായ വെടിവയ്പ്പിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ഇയാൾ കീഴടങ്ങുകയായിരുന്നു. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിതെന്ന് പൊലീസ് അറിയിച്ചു.

Related Posts