കാബ് യാത്രയ്ക്കിടെ ഉറങ്ങിപ്പോയ 18കാരിയെ ഉബർ ഡ്രൈവർ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തതായി പരാതി. ദൊഡ്ഡകല്ലസന്ദ്രയിലെ കോണനകുണ്ടെ ക്രോസിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 1.45ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയാണ് പരാതിക്കാരി. സുഹൃത്തിനെ കാണുന്നതിനായി ദീപാഞ്ജലി നഗറിൽ എത്തിയ യുവതി, പുലർച്ചെ 1.25ഓടെ സുഹൃത്തിൻ്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഉബർ കാബ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ പിന്നിലെ സീറ്റിൽ ലഗേജ് വച്ചിരുന്നതിനാൽ മുൻവശത്തെ പാസഞ്ചർ സീറ്റിലായിരുന്നു യുവതി ഇരുന്നത്.
യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി വാഹനം നിർത്തിയതറിഞ്ഞാണ് ഉണർന്നത്. അപ്പോൾ ഡ്രൈവർ തന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ചുംബിക്കുന്നതായി കണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഡ്രൈവർ വീണ്ടും ചുംബിക്കാൻ ശ്രമിച്ചപ്പോൾ യുവതി ‘നിങ്ങൾ എന്തെങ്കിലും ചെയ്തോ?’ എന്ന് ചോദിച്ചതായും പറയുന്നു. ആദ്യം നിഷേധിച്ച ഡ്രൈവർ പിന്നീട് ‘അതെ, ക്ഷമിക്കണം’ എന്ന് പറഞ്ഞതായി യുവതി പോലീസിനോട് മൊഴി നൽകി.
തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ യുവതി ശ്രമിച്ചെങ്കിലും ഡ്രൈവർ ഡോറുകൾ ലോക്ക് ചെയ്ത് വാഹനം മുന്നോട്ട് ഓടിച്ചതായും പരാതിയുണ്ട്. ഇതോടെ യുവതി നിലവിളിക്കുകയും വാഹനത്തിൻ്റെ ഗ്ലാസ്സിൽ ശക്തമായി അടിക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ വാഹനം നിർത്തിയതോടെയാണ് യുവതിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.
യുവതി പുറത്തിറങ്ങിയതിന് പിന്നാലെ ലഗേജുമായി ഡ്രൈവർ കാറിൽ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. തുടർന്ന് മറ്റൊരു ഓട്ടോറിക്ഷയിൽ മുത്തശ്ശിയുടെ വീട്ടിലെത്തിയ യുവതി ഉബർ അധികൃതരെ സംഭവത്തെക്കുറിച്ച് അറിയിച്ചു. പിന്നീട് ഡ്രൈവറുടെ സുഹൃത്തുക്കൾ യുവതിയുടെ ലഗേജ് തിരികെ നൽകിയതായി പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ യുവതി കോണനകുണ്ടെ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ബി.എൻ.എസ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഡ്രൈവർ കേരള സ്വദേശിയായ മുഹമ്മദ് വസീം (28) ആണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇയാളെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.