എസ് എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാരൂപമായ കുത്തിയോട്ടം ബാംഗ്ളൂരിൽ അരങ്ങേറി. ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാർ അവതരിപ്പിച്ച കുത്തിയോട്ടച്ചുവടും പാട്ടും പരിപാടി തമ്മനഹള്ളി ഓഷൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഇന്നലെ നടന്നു. ചെട്ടികുളങ്ങര ഭഗവതിക്ക് സമർപ്പിച്ച കുത്തിയോട്ട വഴിപാട് ദർശിക്കുവാനും അന്നദാനത്തിൽ പങ്കെടുക്കുവാനും ബാംഗളൂരിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഭക്തർ എത്തിച്ചേർന്നു.
കുത്തിയോട്ട പാട്ടിൻ്റെ താളത്തിൽ വ്യത്യസ്തമായ ചുവടുകളും ശരീരഭാഷയുമായി കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ചുവടു വച്ചു. തികച്ചും ഉത്സവ പ്രതീതി സൃഷ്ടിച്ച അന്തരീക്ഷത്തിൽ അത്യന്തം ഭക്തിനിർഭരമായി നടന്ന ചടങ്ങുകൾ കാഴ്ചക്കാര്‍ക്കും വേറിട്ട അനുഭവമായി.
യൂണിയൻ പ്രസിഡണ്ട് ആനന്ദൻ, വൈസ് പ്രസിഡണ്ട് വത്സൻ, സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ, ചെയർമാൻ ചന്ദ്രസേനൻ, കൺവീനർ സനൽകുമാർ, ട്രഷറർ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

