കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട് കർണാടകയിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി ബിജെപി രംഗത്ത്. കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് അർധരാത്രിയിൽ വെള്ളം തുറന്നുവിടുന്നുവെന്നാണ് ബിജെപിയുടെയും വിവിധ കന്നഡ സംഘടനകളുടെയും ആരോപണം.
കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലേക്ക് വെള്ളം നൽകില്ലെന്ന മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടുപോയെന്നാണ് ബിജെപി ആരോപിക്കുന്നത്. കെആർഎസ് അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നതിൻ്റെ പുതിയ ദൃശ്യങ്ങൾ ബിജെപി മാണ്ഡ്യ വക്താവ് മഞ്ജുനാഥ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിലേക്ക് വെള്ളം വിട്ടുനൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കന്നഡ പ്രവർത്തകൻ വട്ടൽ നാഗരാജും പ്രഖ്യാപിച്ചു. തൻ്റെ സംഘടനയായ ചലവളി വട്ടൽ പക്ഷയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിനകം കെആർഎസ് അണക്കെട്ട് വളയുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാട്ടിലേക്ക് പ്രതിദിനം 12,000 ക്യൂസെക്സ് വെള്ളം നൽകണമെന്ന കാവേരി മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശം കർണാടക സർക്കാർ നടപ്പാക്കുകയാണെന്ന് മഞ്ജുനാഥ് ആരോപിച്ചു. ഇത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിലുള്ള ‘നാടകമാണെന്നും’ അദ്ദേഹം വിമർശിച്ചു. കാവേരി ജലവിഹിതത്തെച്ചൊല്ലിയുള്ള തർക്കം വീണ്ടും രൂക്ഷമായതോടെ കർണാടകയിൽ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾക്കും വഴിയൊരുങ്ങുകയാണ്.