ബംഗളൂരുവിൽ നിന്ന് മോഷ്ടിച്ച കാർ രാജസ്ഥാനിൽ കണ്ടെത്തി. ബംഗളൂരുവിൽ വീടിന് സമീപം പാർക്ക് ചെയ്ത കാർ ആണ് രാജസ്ഥാനിൽ കണ്ടെത്തിയത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി ഹരിഭജൻ (24) അറസ്റ്റിലായി. ബാലാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്ന വാഹനമാണ് മോഷ്ടിച്ചത്.
കാറിന്റെ വിൻഡോ ഗ്ലാസും വിൻഡോഷീൽഡും തകർത്ത ശേഷം ഹരിഭജൻ വയറുകൾ നേരിട്ട് ബന്ധിപ്പിച്ചാണ് കാർ സ്റ്റാർട്ട് ചെയ്ത് കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിലെ ബാർമറിൽ നിന്ന് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നിരവധി വാഹന മോഷണക്കേസുകളിൽ ഹരിഭജന്റെ കുടുംബം മുൻപും ഉൾപ്പെട്ടിട്ടുണ്ട്. ബംഗളൂരു പോലുള്ള നഗരങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് രാജസ്ഥാനിലെത്തിച്ച് രേഖകളില്ലാതെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു.