ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചതായി പ്രഖ്യാപിച്ചു. രാഷ്ട്രീയമായും സാമ്പത്തികമായും ധാർമികമായും പ്രതിസന്ധിയിലായിരുന്ന ലേബർ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും അതിൽ വിജയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ കാലം കഴിഞ്ഞുവെന്ന വിമർശനങ്ങൾ നേരിട്ടിരുന്നെങ്കിലും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതായി സ്റ്റാർമർ പറഞ്ഞു. സമ്പദ്വ്യവസ്ഥ, പ്രതിരോധം, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളിൽ സർക്കാർ നേട്ടങ്ങൾ കൈവരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അധികാര കൈമാറ്റം സുഗമമായും സമാധാനപരമായും നടക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും തൻ്റെ പിൻഗാമിക്കൊപ്പം പൂർണ സഹകരണത്തോടെ പ്രവർത്തിക്കുമെന്നും സ്റ്റാർമർ അറിയിച്ചു.
രാജ്യം കൂടുതൽ ശക്തവും നീതിയുക്തവുമായ നിലയിലേക്കാണ് മുന്നേറുന്നതെന്നും കഴിഞ്ഞ വർഷങ്ങളിലെ പിന്തുണയ്ക്കും സഹകരണത്തിനും പാർട്ടി പ്രവർത്തകരോടും സഹപ്രവർത്തകരോടും സർക്കാർ ഉദ്യോഗസ്ഥരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.