കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം വാഹനത്തിൽ പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സംസ്ഥാന വൈസ് പ്രസിഡണ്ട് ബിനു ചുള്ളിയിലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
കുണ്ടറയിൽ നടക്കുന്ന സഹകരണ മേഖലയിലെ പരിപാടിയിൽ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്തെത്തിയത്. പരിപാടിക്ക് ശേഷം ഹെലികോപ്റ്റർ മാർഗം അമൃതപുരിയിലെത്തുന്ന അദ്ദേഹം മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കും.