നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഭരതനാട്യം അരങ്ങേറ്റം

നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ അദ്വിത, അമുക്ത, ശ്രേയ എന്നിവരുടെ ഭരതനാട്യം അരങ്ങേറ്റം (രംഗപ്രവേശം) ശ്രദ്ധേയമായി. സെപ്റ്റംബർ 5ന് വൈകിട്ട് 4 മണിക്ക് മല്ലേശ്വരത്തെ ശ്രീകൃഷ്ണ ദേവരായ കലാമന്ദിരത്തിലായിരുന്നു പരിപാടി. പരമ്പരാഗത ഭരതനാട്യത്തിൻ്റെ ചിട്ടയും ഭാവസൗന്ദര്യവും സമന്വയിപ്പിച്ച അരങ്ങേറ്റം പ്രേക്ഷകരുടെ ശ്രദ്ധ നേടി.

ഗുരു ഉഷസ് എസ്. നായരുടെ ശിക്ഷണത്തിൽ, ഏറെ നാളത്തെ പരിശീലനത്തിനൊടുവിലാണ് മൂന്ന് വിദ്യാർഥിനികളും അരങ്ങേറ്റം നടത്തിയത്. പ്രമുഖ കലാകാരന്മാരാണ് അരങ്ങേറ്റത്തിന് പിന്നണിയിൽ അണിനിരന്നത്. ഉഷസ് എസ്. നായർ നട്ടുവാങ്ങവും സുനിൽകുമാർ കൈതപ്രം വോക്കലും നിർവഹിച്ചു. ശ്രീകാന്ത് കണ്ണൂർ മൃദംഗത്തിലും ഗോപാൽ വെങ്കടരമണ വീണയിലും സത്യവീര കെ.ജെ. ഫ്ലൂട്ടിലും പക്കമേളമൊരുക്കി.

ഭരതനാട്യ രംഗത്തെ ഗുരുക്കന്മാരുടെയും കലാസ്നേഹികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ നേതൃത്വത്തിലുള്ള കലാപരിശീലന പ്രവർത്തനങ്ങളുടെ ശ്രദ്ധേയമായ ഭാഗമായി.

Related Posts