ഓല ഇലക്ട്രിക്കിൽ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുത്തു. സിഇഒ ഭവിഷ് അഗർവാളിനെയും മുതിർന്ന ഉദ്യോഗസ്ഥൻ സുബ്രത കുമാർ ദാസിനെയും കുറ്റപ്പെടുത്തുകയും അവർ മാനസിക പീഡപ്പിക്കുകയുമാണെന്ന് പറഞ്ഞു 28 പേജുള്ള ഒരു കുറിപ്പ് എഴുതിവച്ച് കെ.അരവിന്ദ്( 38) ആണ് ആത്മഹത്യ ചെയ്‌തത്‌. ഒക്ടോബർ 6ന് ഫയൽ ചെയ്ത എഫ്‌ഐആർ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശമ്പളവും അലവൻസുകളും നിഷേധിച്ചുവെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു.

2022 മുതൽ ഓലയിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന കെ അരവിന്ദ് സെപ്റ്റംബർ 28 ന് ബെംഗളൂരുവിലെ ചിക്കലസാന്ദ്രയിലെ തൻ്റെ വസതിയിൽ വച്ച് വിഷം കഴിക്കുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് ആദ്യം അസ്വാഭാവിക മരണറിപ്പോർട്ട് (യുഡിആർ) രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അരവിന്ദിൻ്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം 17.46 ലക്ഷം രൂപ അദ്ദേഹത്തിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയപ്പോൾ സംശയം ഉയരുകയായിരുന്നു.

അരവിന്ദിൻ്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ ബിഎൻഎസ്എസ് സെക്ഷൻ 108, 3(5) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എഫ്‌ഐആറിൽ സുബ്രത കുമാർ ദാസ്, ഭവിഷ് അഗർവാൾ, ഓല ഇലക്ട്രിക് കമ്പനി എന്നിവരെ പ്രതികളാക്കി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts