ബെംഗളൂരു നഗരത്തിൽ അനധികൃതമായി നിർമാണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും തള്ളുന്നവർക്കെതിരെ കർണാടക സർക്കാർ കർശന നടപടിയുമായി രംഗത്ത്. ‘ക്ലീൻ അപ്പ് ബെംഗളൂരു’ ദൗത്യത്തിൻ്റെ ഭാഗമായി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി.
ഒഴിഞ്ഞ സ്ഥലങ്ങൾ, തടാകപരിസരങ്ങൾ, റോഡരികുകൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണവും ഡ്രോൺ പരിശോധനയും ശക്തമാക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.
നഗരം ശുചിയും സുരക്ഷിതവുമായി നിലനിർത്താൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് സർക്കാർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും, നഗരശുചിത്വം ഉറപ്പാക്കാൻ ‘ക്ലീൻ അപ്പ് ബെംഗളൂരു’ ദൗത്യം കൂടുതൽ വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.