ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ സൂപ്പർ താരം വിരാട് കോലിക്കെതിരേ പോലീസിൽ പരാതി. പരാതി നൽകിയത് ബെംഗളൂരുവിലെ കബ്ബോൺ പാർക്ക് പോലീസ് സ്റ്റേഷനിലാണ്. സോഷ്യൽ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതിക്കാരൻ. നേരത്തേ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൻ്റെ കീഴിൽ ഈ പരാതിയും പരിഗണിക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൻ്റെ ഭാഗമായിട്ടായിരിക്കും പരാതിയും പരിശോധിക്കപ്പെടുക.
ആർസിബിയുടെ മാർക്കറ്റിങ് മേധാവി അടക്കം 4 പേരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെ, ഇവൻ്റ് മാനേജ്മെന്റ്റ് കമ്പനിയായ ‘ഡിഎൻഎ’യുടെ പ്രതിനിധി സുനിൽ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) ഭാരവാഹികളുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.