നഗരത്തിലെ മാലിന്യ ശേഖരണവും ശുചിത്വ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഏകദേശം 30 ശതമാനം പൗരകർമ്മികർ ജോലിക്ക് ഹാജരായില്ലെന്ന് കണ്ടെത്തി. ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്ണ ബൈരേ ഗൗഡയാണ് പരിശോധന നടത്തിയത്. ഹെന്നൂർ, അഗര തടാകം, രാമമൂർത്തിനഗർ, കസ്തൂരിനഗർ തുടങ്ങിയ മേഖലകളിൽ പുലർച്ചെ നടത്തിയ പരിശോധനയിൽ വീടുകളിൽനിന്നുള്ള മാലിന്യ ശേഖരണത്തിലെ വീഴ്ചകളും കണ്ടെത്തി. പൗരകർമ്മികരുടെ ഹാജർ കൃത്യമായി ഉറപ്പാക്കണമെന്നും മാലിന്യ ശേഖരണം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ജോലി കൃത്യമായി ചെയ്യാത്തവരുടെ സേവനം സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് മന്ത്രി ശക്തമായ പ്രതികരണം നടത്തിയത്. ദിവസേന ജോലിക്ക് ഹാജരാകുകയും ചുമതലകൾ കൃത്യമായി നിർവഹിക്കുകയും ചെയ്തതിന് ശേഷമേ സ്ഥിരപ്പെടുത്തൽ ആവശ്യപ്പെടാവൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. ഹാജരാകാത്തവർക്കെതിരെ ആദ്യം നോട്ടീസ് നൽകുമെന്നും ആവർത്തിച്ചും പ്രതികരിക്കാത്തവർക്കെതിരെ സർവീസ് ചട്ടപ്രകാരം പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവിൽ ഏകദേശം 16,000 പൗരകർമ്മികർ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ ഏകദേശം 12,800 പേരുടെ സേവനം ഇതിനകം സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ശേഷിക്കുന്നവരുടെ സ്ഥിരപ്പെടുത്തൽ നടപടികൾക്കിടെയാണ് ഹാജറും ജോലി നിർവഹണവും സംബന്ധിച്ച മന്ത്രിയുടെ വിമർശനം.

അതേസമയം, മന്ത്രിയുടെ പരാമർശത്തിനെതിരെ തൊഴിലാളി സംഘടനയായ എഐസിസിടിയു രംഗത്തെത്തി. പൗരകർമ്മികരെ പരസ്യമായി അപമാനിക്കുന്ന നിലപാട് ഒഴിവാക്കണമെന്നും കരാർ-ഔട്ട്‌സോഴ്‌സിങ് സംവിധാനം, ജോലി സമ്മർദം, സുരക്ഷാ ഉപകരണങ്ങളുടെ കുറവ്, വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയും സർക്കാർ പരിഗണിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Related Posts