കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ബെംഗളൂരു-ചെന്നൈ അതിവേഗ റെയിൽ പദ്ധതി യാഥാർഥ്യമായാൽ ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം വെറും 73 മിനിറ്റായി ചുരുങ്ങും. നിലവിൽ നാല് മണിക്കൂറിലധികം ട്രെയിൻ യാത്രയും ഏഴ് മണിക്കൂറിലധികം റോഡ് യാത്രയും ആവശ്യമായ ദൂരം അതിവേഗ റെയിൽ വഴി ഒരു മണിക്കൂറും 13 മിനിറ്റും കൊണ്ട് പിന്നിടാനാകും.

പദ്ധതി രാജ്യത്തെ ഗതാഗത മേഖലയിലെ വലിയ മുന്നേറ്റമായിരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ബെംഗളൂരു-ചെന്നൈ ഇടനാഴി യാഥാർഥ്യമാകുന്നതോടെ വ്യാപാരം, വ്യവസായം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് വലിയ ഉത്തേജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

306 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാതയുടെ ഭൂരിഭാഗവും ഉയരപ്പാതയായിരിക്കുമെങ്കിലും ചില ഭാഗങ്ങളിൽ ഭൂഗർഭ തുരങ്കങ്ങളും നിർമിക്കും. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (NHSRCL) പ്രാഥമിക പദ്ധതിപ്രകാരം ചെന്നൈയിൽ 2.5 കിലോമീറ്ററും, ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മൊഗലി ചുരം മേഖലയിൽ 11.5 കിലോമീറ്ററും, ബെംഗളൂരുവിൽ 12 കിലോമീറ്ററും ഭൂഗർഭ പാത നിർമിക്കാനാണ് ആലോചന.

ബെംഗളൂരുവിൽ ബയപനഹള്ളി, വൈറ്റ്ഫീൽഡ് മേഖലകളിലായിരിക്കും ഭൂഗർഭ തുരങ്കപാതകൾ വരിക. നഗരത്തിലെ ഗതാഗതക്കുരുക്കും ജനസാന്ദ്രതയും പരിഗണിച്ചാണ് ഈ ഭാഗങ്ങളിൽ തുരങ്ക നിർമാണം നിർദേശിച്ചിരിക്കുന്നത്.

പദ്ധതിയുടെ അലൈൻമെന്റ് സർവേ അവസാനഘട്ടത്തിലാണെന്നും അന്തിമ റൂട്ട് ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പദ്ധതി നടപ്പിലാകുന്നതോടെ ബെംഗളൂരു-ചെന്നൈ യാത്ര കൂടുതൽ വേഗത്തിലാകുന്നതിനൊപ്പം ദക്ഷിണേന്ത്യയിലെ സാമ്പത്തിക-വ്യവസായ മേഖലകൾ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

Related Posts