തായ്ലൻഡിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഫുക്കറ്റിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ ക്യു.പി. 624 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതിനിടെയാണ് മിന്നലേറ്റതെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ചെന്നൈയിൽ സുരക്ഷിതമായി ഇറക്കിയ വിമാനം സാങ്കേതിക പരിശോധനകൾക്കായി വിമാനത്താവളത്തിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. വിമാനയാത്രയിൽ ഇടിമിന്നലുകൾ സംഭവിക്കാറുണ്ടെന്നും അവയെ പ്രതിരോധിക്കാനുള്ള ശേഷി വിമാനങ്ങൾക്കുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു. പൈലറ്റുമാരും ക്രൂ അംഗങ്ങളും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നും കമ്പനി അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി എൻജിനീയറിങ് വിഭാഗം വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് മറ്റ് വിമാന സർവീസുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.