സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ പാസാക്കുമെന്നാണ് വിവരം.
പുതിയ തീരുമാനപ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽനിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപയിൽനിന്ന് 1.33 ലക്ഷം രൂപയായും വർധിപ്പിക്കും.
ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ നിലവിൽ എംഎൽഎമാർക്ക് പ്രതിമാസം കുറഞ്ഞത് 70,000 രൂപയും മന്ത്രിമാർക്ക് 97,000 രൂപയുമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, ജനപ്രതിനിധികളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനും ഐപാഡ് വിതരണം ചെയ്യുന്നതിനുമെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. സർക്കാർ നടപടി ധൂർത്തെന്നായിരുന്നു പ്രധാന വിമർശനം. കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടും ചർച്ചയായിട്ടുണ്ട്.
പിഎസ്സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും ശ്രദ്ധേയമായി. എൽഡിഎഫ് സർക്കാർ പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, പിഎസ്സി അംഗങ്ങളുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.