വിരുന്ന് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തബാധിത പ്രദേശത്ത് സന്ദർശനത്തിനിടെ ഭക്ഷണം കഴിച്ചതിനെ ചൊല്ലിയുള്ള വിമർശനങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, താൻ സൽക്കാരത്തിന് പോയതല്ലെന്നും ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഭക്ഷണം കഴിച്ചതെന്നും വ്യക്തമാക്കി.

രാവിലെ മുതൽ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ ചുമതലയുള്ള മന്ത്രിമാർ, കലക്ടർമാർ, എംഎൽഎമാർ എന്നിവരുമായി തുടർച്ചയായി ബന്ധപ്പെടുകയും സ്ഥലത്ത് എത്തേണ്ട സാഹചര്യമുണ്ടോയെന്ന് അന്വേഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിച്ചുവെന്നും അതിനെ ചൊല്ലി നടക്കുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018-ലും 2019-ലും ഉണ്ടായ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാതെ ഇരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും, “ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, തെറ്റ് പറ്റിപ്പോയി. ഇനി മുതൽ ഭക്ഷണം കഴിക്കാതിരിക്കാം” എന്ന പരാമർശത്തിലൂടെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

ഇത് ഹീനമായ അപവാദ പ്രചാരണമാണെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് സർക്കാരിൻ്റെ പ്രധാന പരിഗണനയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related Posts