വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പുർ ജില്ലയിൽ പ്രമുഖ ഹിന്ദുസമുദായനേതാവിനെ കടത്തിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മർദ്ദനത്തിൽ 58 കാരനായ ഭാബേഷ് ചന്ദ്ര റോയി ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഒരു ഫോൺകോൾ വന്നതായും ഭാബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ആ ഫോൺവിളിയെന്നും അദ്ദേഹത്തിൻ്റെ ഭാര്യ ശന്തന പറഞ്ഞു. അരമണിക്കൂറിന് ശേഷം രണ്ട് ബൈക്കുകളിലായെത്തിയ നാലുപേർ ബലം പ്രയോഗിച്ച് ഭാബേഷിനെ കൂട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് മൃതദേഹം വാനിൽ വീട്ടിലേക്ക് അയക്കുകയായിരുന്നു. ബോധരഹിതനായി കണ്ടെത്തിയ ഭാബേഷിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷദിൻ്റെ ബീരാൽ ഘടകം വൈസ് പ്രസിഡൻ്റയിരുന്നു ഭാബേഷ്. പ്രദേശത്തെ പ്രധാന സാമുദായികനേതാവായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ബീരാൽ പോലീസ് പറഞ്ഞു.