ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. സൂര്യകുമാർ യാദവിൻ്റെയും സംഘത്തിൻ്റെയും എതിരാളികൾ ആതിഥേയരായ യു.എ.ഇയാണ്. ട്വൻ്റി20 പ്രതിഭകളുടെ നീണ്ടനിരയുള്ളതിനാൽ അന്തിമ ഇലവനെ ഒരിക്കൽ നായകൻ സൂര്യകുമാറിനും പരിശീലകൻ ഗൗതം ഗംഭീറിനും വെല്ലുവിളിയാണ്.
ട്വന്റി20 സംഘത്തിൽ തിരിച്ചെത്തിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ഇന്നിങ്സ് ഓപൺ ചെയ്യാനാണ് സാധ്യത. യശസ്വി ജയ്സ്വാളിന്റെയും ഗില്ലിൻ്റെയും അഭാവത്തിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും അഭിഷേകും ഓപണർമാരുടെ റോൾ ഏറ്റെടുത്തിരുന്നു.
ബാറ്റിങ്ങിലെ സ്ഥിരതയും ബൗളിങ്ങിലെ മികവും അഭിഷേകിൻ്റെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. സൂര്യകുമാർ, തിലക് വർമ തുടങ്ങിയവർ പിന്നാലെ വരാനുള്ളതിനാൽ സഞ്ജുവിന്റെ സാധ്യതകൾ തുലാസ്സിലായിരിക്കുകയാണ്. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ ഫിനിഷറെന്ന നിലയിൽ കഴിവ് തെളിയിച്ചിട്ടുമുണ്ട്.