കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ‘ആശാൻ സ്മൃതി’ സംഘടിപ്പിച്ചു. ജാലഹള്ളി കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിലെ എം.എ.കരീം ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. സമാജം പ്രസിഡണ്ട് ആർ.മുരളീധരൻ്റെ അധ്യക്ഷതയിൽ ജോയിൻറ് സെക്രട്ടറി സി.പി.മുരളി സ്വാഗതമാശംസിച്ചു. നീതു കുറ്റിമാക്കലിൻ്റെ ആശാൻ കവിതാലാപനത്തോടെയാണ് പരിപാടി തുടങ്ങിയത്.
റൈറ്റേഴ്സ് ഫോറം പ്രസിഡണ്ടും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരി ‘ആശാൻ സ്മൃതി’ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിൻ്റെയും ശ്രീബുദ്ധൻ്റേയും ദർശനങ്ങൾ ആശാൻ്റെ ജീവിതബോധത്തെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശാൻ കവിതകൾ കേരളീയനവോത്ഥാനത്തിന് അവിസ്മരണീയമായ സംഭാവനയാണ് നൽകിയതെന്നും സതീഷ് തോട്ടശ്ശേരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എഴുത്തുകാരി ഇന്ദിരാ ബാലൻ മോഡറേറ്ററായിരുന്നു. “ആശാൻ കൃതികളുടെ കാലിക പ്രസക്തി” എന്ന വിഷയത്തിൽ എഴുത്തുകാരായ വിഷ്ണുമംഗലം കുമാർ, കെ.ആർ.കിഷോർ, ബിന്ദു പി. മേനോൻ എന്നിവർ സംസാരിച്ചു.
യൗവനവും സൗന്ദര്യവും സ്ഥാനമാനങ്ങളും അധികാരവും മാത്രമല്ല, എല്ലാ ജീവിതാ വസ്ഥകളും അസ്ഥിരമാണ്. ജീവിതഗതിയിൽ വ്യതിയാനങ്ങൾ അനിവാര്യമാണെന്നും
തകർച്ചകളിൽ കണ്ണീർ പൊഴിക്കേണ്ടതി ല്ലെന്നും,അത് നിയതി നിശ്ചയമാണെന്ന ദാർശനികസത്യം അനാവരണം ചെയ്യുന്ന കൃതിയാണ് ‘വീണപൂവ്’ എന്ന് വിഷ്ണുമംഗലം കുമാർ അഭിപ്രായപ്പെട്ടു.
പുരുഷകേന്ദ്രീകൃതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കൽപം തകർത്തെറിഞ്ഞുകൊണ്ട് എല്ലാവിധ അധികാരരൂപങ്ങൾക്കുമെതിരെ ചോദ്യമുയർത്തുകയും സ്വയം നിർണയിക്കുകയും പരാശ്രയമില്ലാതെ പറന്നുയരുകയും ചെയ്യുന്ന പ്രോജ്ജ്വല മാതൃകയായി സ്ത്രീയെ അപനിർമ്മിക്കുകയാണ് ചിന്താവിഷ്ടയായ സീതയിലൂടെ ആശാൻ നിർവഹിച്ചതെന്ന് കെ.ആർ കിഷോർ അഭിപ്രായപ്പെട്ടു.
ബിന്ദു പി മേനോൻ ‘ചണ്ടാലഭിക്ഷുകി’യുടെ കാലിക പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തി. “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി” എന്ന ആനന്ദഭിക്ഷുവിൻ്റെ വാക്കുകൾ, തങ്കലിപികളാൽ രചിക്കപ്പെട്ടതാണെന്നും അത് മലയാളിയുടെ സാംസ്കാരിക ലോകത്ത് തിളങ്ങി നിൽക്കുന്നുണ്ടെന്നും ബിന്ദു പി മേനോൻ അഭിപ്രായപ്പെട്ടു. എന്നാൽ ജാതിയെ കീഴടക്കാൻ നമുക്കിനിയും കഴിയാത്ത അവസ്ഥയിൽ, നൂറ്റാണ്ട് പിന്നിട്ടു എന്ന ആ കവിതയുടെ വിജയം ആഘോഷിക്കുമ്പോൾ തന്നെ, സമൂഹത്തിൻ്റെ പരാജയമായി അതിനെ തിരിച്ചറിയണമെന്നും ബിന്ദു പി മേനോൻ കൂട്ടിച്ചേർത്തു.
അവർണ്ണസമുദയങ്ങളുടെയും സ്ത്രീകളു ടെയും ഉയർച്ചയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ച ആശാൻ, മലയാള കവിതയുടെരചനാ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രമായിരുന്നുവെന്ന് ഇന്ദിരാബാലൻ അഭിപ്രായപ്പെട്ടു. കവിതയെയും കേരളീയ സമൂഹത്തെയും നവോത്ഥാനത്തിലേക്ക് നയിച്ച ആശാൻ ഈ കാലത്തിൻ്റെയും കൂടി കവിയാണെന്നും ഇന്ദിരാബലൻ കൂട്ടിച്ചേർത്തു.
മലയാളം മിഷൻ വിദ്യാർത്ഥികളായ അക്ഷര, ഐക്യ, ശ്രദ്ധ എന്നിവർ ആശാൻ കവിതകൾ ആലപിച്ചു. ചെറുപ്പം മുതൽ ആശാൻ കവിത തന്നിൽ ഉണ്ടാക്കിയ സ്വാധീനമാണ് സാഹിത്യത്തിലേക്ക് തിരിയാൻ പ്രേരണയായതെന്ന് ലതാ നമ്പൂതിരി വ്യക്തമാക്കി. വി.കെ.വിജയൻ ഗാനങ്ങൾ ആലപിച്ചു. സാഹിത്യവിഭാഗം കൺവീനർ ആർ ബാലൻ നന്ദി പ്രകാശിപ്പിച്ചു.
സമാജം സെക്രട്ടറി അജിത് കുമാർ നായർ, കെ പി അശോകൻ, വി കെ വിജയൻ, കവിരാജ്, ഓമനകുട്ടൻപിള്ള, ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







