അസമിൽ വെച്ച് കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട അസം സ്വദേശി കണ്ണൂരിൽ പിടിയിലായി. പ്രതിയായ അസമിലെ ധുബ്രി ജില്ലയിലെ മൊയ്നിൽ ഹഖിനെ (31) ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പോലീസാണ് പിടികൂടിയത്. ചക്കരക്കല്ല് ഇൻസ്പെക്ടർ വൈശാഖ് കെ വിശ്വൻ, എ.എസ്.ഐ. ടി.അനീഷ് കുമാർ, എം.പി.ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

ഒരാഴ്ച‌ മുമ്പാണ് അസമിൽ വെച്ച് കടയുടമയെ ഇയാൾ വെടിവെച്ചത്. തുടർന്ന് ഒളിവിലായിരുന്ന പ്രതി കണ്ണൂരിലെത്തിയതായി അസം പോലീസ് കണ്ടെത്തിയിരുന്നു. കണ്ണൂരിൽ രണ്ടു ദിവസം മുമ്പ് എത്തിയ പ്രതി കാഞ്ഞിരോട് കുടുക്കി മെട്ടയിൽ താമസിക്കുന്ന അസം സ്വദേശികളായ അതിഥി തൊഴിലാളികൾക്കൊപ്പം താമസം തുടങ്ങിയതായും ഇവർക്കൊപ്പം ചെമ്പിലോട് പഞ്ചായത്ത് പരിധിയിൽ ഒരു വീടിൻ്റെ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടുവരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

അസം പോലീസ് ഇയാളുടെ മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ നോക്കിയാണ് തിങ്കളാഴ്ച കണ്ണൂരിലെത്തിയത്. പിന്നാലെ ചക്കരക്കല്ല് പോലീസിൻ്റെ സഹായം തേടി. വിവരം ലഭിച്ച ചക്കരക്കല്ല് പോലീസ് വീട് നിർമ്മാണം നടക്കുന്ന ചെമ്പിലോട്ടെ സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. താമസസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Posts