ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നിവ ആരോപിച്ച് 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ ക്രൈസ്തവ സമൂഹത്തിൽ വൻപ്രതിഷേധം. ഉത്തരേന്ത്യയിൽ ആവർത്തിക്കുന്ന സംഭവങ്ങൾമൂലം സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻപോലും കഴിയാത്ത സ്ഥിതിയാണെന്നാണ് ആരോപണം.
ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ റിമാൻഡിലാണ്. ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
ജാമ്യാപേക്ഷ ഞായറാഴ്ചയായതിനാൽ നൽകാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. കെസിബിസി ജാഗ്രതാ കമ്മിഷൻ, സിറോ മലബാർ സഭ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണം -സിബിസിഐ.