പ്രൊഫ. അലി ഖാന്‍ മഹ്‌മൂദാബാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തില്‍ അറസ്റ്റിലായ അശോക സര്‍വകലാശാല അസോ. പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് ഇടക്കാലജാമ്യം സുപ്രീംകോടതി അനുവദിച്ചു. സുപ്രീംകോടതി കര്‍ശന ഉപാധികളോടെയാണ് അലി ഖാന് ജാമ്യം നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് ഓൺലൈനിലോ അല്ലാതെയോ ഒന്നും എഴുതുകയോ സംസാരിക്കുകയോ ചെയ്യരുത്,ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചോ പഹൽഗാം ആക്രമണത്തെക്കുറിച്ചോ അഭിപ്രായം പറയരുത്, പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്. ഹർജി പരിഗണിക്കുന്നതിനിടെ വിവാദ പരാമർശം നടത്തിയ അലിഖാനെ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ‘രാക്ഷസർ’ രാജ്യത്തെ ആക്രമിച്ച സമയത്ത് ഇത്തരം ‘ചീപ്പ് പബ്ലിസിറ്റി’യുടെ ആവശ്യമെന്താണെന്നും സുപ്രീംകോടതി ചോദിച്ചു.
”സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, ഇപ്പോഴാണോ ഇതെല്ലാം സംസാരിക്കേണ്ട സമയം? ഒന്നിക്കണം നമ്മള്‍. രാക്ഷസര്‍ വന്ന് നമ്മുടെ ജനങ്ങളെ ആക്രമിച്ചു. ഈ സമയത്ത് എന്തിനാണ് വിലകുറഞ്ഞ പ്രശസ്തി ആഗ്രഹിക്കുന്നത്”, ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. അലിഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
‘അദ്ദേഹം ജയിലിലാണ്. അലി ഖാൻ്റെ ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയാണ്. ഇപ്പോള്‍ വനിതാ കമ്മീഷനും അലി ഖാനെതിരേ രണ്ടാമത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് അലി ഖാനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി, കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.