സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. ഇന്നു രാവിലെ ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് ആക്രമണമുണ്ടായത്. അബുജ്മദ് മേഖലയിൽ നിന്നുള്ള മാവോയിസ്റ്റുകളുമായി ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ള ജവാന്മാരാണ് (ഡിആർജി) ഏറ്റുമുട്ടിയത്.
മാവോയിസ്റ്റ് നേതാവ് അബുജ്മദ് മേഖലയിൽ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ദന്ദേവാഡ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗോൻ എന്നിവിടങ്ങളിൽ നിന്ന് ഡിആർജി ജവാന്മാരെത്തി തെരച്ചിൽ നടത്തുകയായിരുന്നു. മാവോയിസ്റ്റ് ആക്രമണം ഇതിനിടെയാണ് ഉണ്ടായത്.
കഴിഞ്ഞമാസം ഛത്തീസ്ഗഡ്- തെലങ്കാന അതിർത്തിയിലായി ‘ബ്ലാക്ക് ഫോറസ്റ്റ്’ എന്ന പേരിൽ സുരക്ഷാസേന നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയതിന് പിന്നാലെയാണ് നാരായൺപൂരിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഓപ്പറേഷൻ 21 ദിവസത്തിനുശേഷം നിർത്തിവച്ചെങ്കിലും ഉന്നത മാവോയിസ്റ്റ് നേതാക്കളും അവരുടെ സായുധ സേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി അംഗങ്ങളും കൊല്ലപ്പെട്ടതായി ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ഹിദ്മ മാധ്വി ഉൾപ്പെടെയുള്ള ഉന്നത മാവോയിസ്റ്റ് നേതാക്കളെയും കമാൻഡർമാരെയും കരെഗുട്ട കുന്നുകളിൽ കണ്ടതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് ഏപ്രിൽ 21നാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. ആകെ 31 മാവോയിസ്റ്റുകളെയാണ് അന്നത്തെ ഏറ്റുമുട്ടലിൽ വധിച്ചത്.