കർണാടകയിലെ സർക്കാർ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ വിദ്യാർഥികൾക്ക് നിർമിതബുദ്ധി (AI) പരിശീലനം നൽകുന്നത് പരിഗണിക്കാൻ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിൽ ഒൻപതാം ക്ലാസ് മുതലാണ് സർക്കാർ സ്കൂളുകളിൽ എഐ പരിശീലനം നൽകുന്നത്. ഐടി വകുപ്പിൻ്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പദ്ധതി വിപുലീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
സ്കൂളുകളിൽ എഐ പരിശീലനം നൽകാൻ ഗൂഗിൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തെലങ്കാനയിൽ ഗൂഗിൾ നടപ്പാക്കുന്ന സമാന പദ്ധതികൾ പഠിച്ച ശേഷം കർണാടകയിൽ പരിപാടി തയ്യാറാക്കാനാണ് നിർദേശം. സർക്കാരിൻ്റെ 100 ദിവസത്തെ പദ്ധതികൾ, നിയമനങ്ങൾ, മുൻഗണനാ പദ്ധതികൾ എന്നിവയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ശിവകുമാർ നിർദേശങ്ങൾ നൽകിയത്.
സംസ്ഥാനത്ത് എഐ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഭൂമി കണ്ടെത്താനും മുഖ്യമന്ത്രി നിർദേശം നൽകി.