ബാംഗ്ലൂരിൽ താമസിക്കുന്ന 53 വയസ്സുള്ള മലയാളി വനിതക്ക് ട്രെക്കിങ്ങിൽ ശ്രദ്ധേയമായ ദേശീയതല റെക്കോർഡ് നേട്ടം. 2026 സെപ്തംബർ 4ന് തനമിർ ഗ്രാമത്തിൽ നിന്ന് നാഗാലാ‌ൻഡിലെ മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് ഒറ്റ ദിവസം കൊണ്ട് മറ്റ് നാല് സഹായാത്രികാരോടൊപ്പം ഏകദേശം 13 മണിക്കൂർ വെല്ലുവിളി നിറഞ്ഞ മൺസൂൺ കാലവസ്ഥയിലും ദുർഘടമായ പാതയിലും ട്രെക്കിങ് പൂർത്തിയാക്കികൊണ്ടാണ് മിനി വിനോദ് ദേശീയ റെക്കോർഡ് സൃഷ്ടിച്ചത്.

മിനി വിനോദിൻ്റെ സഹനശക്തിയും ധൈര്യവും ദൃഢനിശ്ചയവും സ്ഥിരോത്സാഹവും സാഹസികതയോടുള്ള അഭിനിവേശവുമാണ് ഈ ശ്രദ്ധേയ നേട്ടത്തിന് കാരണമായതെന്ന് ACE BOOK OF റെക്കോർഡ്സിൻ്റെ 2027 പതിപ്പിൽ രേഖപ്പെടുത്തി.

മിനി വിനോദ് ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ കർണ്ണാടകയിലുള്ള ബെല്ലാരി ജില്ലയിലെ ഡോണിമല NMDC ടൗൺഷിപ്പ്, ധാർവാട് എന്നിവിടങ്ങളിലാണ്. അച്ഛൻ്റെ സ്വദേശം പാലക്കാടും, അമ്മയുടേത് വർക്കലയുമാണ്. കഴിഞ്ഞ 31 വർഷമായി ബാംഗ്ലൂരിൽ ഭർത്താവ് വിനോദ് ശ്രീധരൻ, മക്കൾ പ്രണഡ് കൈമൾ, ശ്രേയ മരുമകനായ തോമസ് എബ്രഹാം, പേരക്കുട്ടി ഐഡ എന്നിവരോടൊപ്പം കുടുംബ സമേതം താമസിക്കുകയാണ്. ഇപ്പോൾ താമസിക്കുന്നത് വിദ്യാരണ്യപുരയിലെ ബി ഇ എൽ ലേ ഔട്ടിലാണ്.

ട്രെക്കിങ്ങിലുള്ള അഭിനിവേശവും അതിനോടുള്ള ആസക്തിയും യാത്രയിലെ ഏത് പ്രതിസന്ധി തരണം ചെയ്യാനും കരുത്തു പകരുന്നുണ്ട് എന്നാണ് മിനി പറയുന്നത്. ഡോണിമലയുടെ ചുറ്റുവട്ടങ്ങളിലും, ബേംഗ്ലൂരു, ഹൊരനാട്, പൂനെ എന്നിവിടങ്ങളിലും പലപ്പോഴായി ട്രെക്കിങ് നടത്തിയുട്ടുണ്ടെങ്കിലും, നാഗാലാ‌ണ്ടിൽ ട്രെക്ക് ചെയ്യണം എന്ന ആഗ്രഹം കുറച്ചു കാലമായി കൊണ്ട് നടക്കുകയായിരുന്നു.

നാഗാലാ‌ൻഡിലെ ഉൾനാടുകളിലേക്കും സരമതി പർവ്വതത്തിൻ്റെ അടിത്തട്ടിലേക്കും 10 ദിവസത്തെ ട്രെക്കിങ്ങിന് 2026 മാർച്ചിൽ അവസരം ലഭിച്ചപ്പോൾ അത് സ്വീകരിക്കുകയായിരുന്നു. ഇന്ത്യയിലെ ഹിമാലയേതര പർവ്വതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സരമതി പാർവ്വതമെന്നോ, എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരിക്കും യാത്രയെന്നോ അന്ന് അറിയില്ലായിരുന്നു. അത് കൂടാതെയാണ് പ്രായം എന്ന ഘടകം. യുവത്വത്തിലുള്ള ശാരീരിക ക്ഷമത ഇപ്പോൾ ഇല്ലെന്ന നല്ല ബോധ്യവുമുണ്ടായിരുന്നു. അത് കൊണ്ട് ആറു മാസക്കാലം കഠിനമായ തയാറെടുപ്പുകൾ നടത്തി. കൃത്യമായ നടത്തം, ശക്തി വർദ്ധിപ്പിക്കാനുള്ള വ്യായാമങ്ങൾ, യോഗ, സമീകൃത ആഹാരം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ ദിനചര്യ വിട്ടു വീഴ്ചയില്ലാതെ പിന്തുടർന്നു.

ആശങ്കപ്പെട്ടതിലും കഠിനമായിരുന്നു യഥാർത്ഥ ട്രെക്കിങ് അനുഭവം. തുടർച്ചയായ മഴ, ദുഷ്‌കരമായ ഭൂപ്രദേശം, കാഴ്ചപരിധി കുറവായ സാഹചര്യം, വഴുക്കലുള്ള പാതകൾ എന്നിവ യാത്ര അതീവ ദുഷ്‌കരമാക്കിയിരുന്നു. പല ഘട്ടങ്ങളിലും ശാരീരികവും മാനസികവുമായ അതി സമ്മർദ്ദ വെല്ലുവിളി ഉയർത്തിയിരുന്നുവെന്ന് മിനി വിനോദ് പറഞ്ഞു.

പരിമിതികൾ മറികടക്കാനുള്ള ദൃഢ നിശ്ചയം, അതിന് വേണ്ട തയ്യാറെടുപ്പുകൾ, ഒപ്പമുണ്ടായിരുന്നവരുടെ പ്രോത്സാഹനവും പിന്തുണയും എന്നിവയാണ് മുന്നോട്ട് പോകാൻ കരുത്ത് പകർന്നത്. വലിയ പരിക്കുകളോ തിരിച്ചടിയോ ഇല്ലാതെ ട്രെക്കിങ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ സംതൃപ്തി നൽകുന്നുണ്ടെന്ന് മിനി വിനോദ് വ്യതമാക്കി.

സരമതി പർവത ബേസ് ക്യാംപിലേക്ക് വിജയകരമായി ട്രെക്കിങ് നടത്തി എന്ന നേട്ടം മാത്രമല്ല സംതൃപ്തിക്ക് കാരണം. വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഇച്ഛശക്തിയും മതിയായ തയ്യാറെടുപ്പും ധൈര്യവും, ഉണ്ടെങ്കിൽ പ്രായം ഒരു തടസ്സമാവില്ലെന്ന് സ്വയം തെളിയിക്കാൻ കഴിഞ്ഞു എന്നതാണ് ഏറെ ചാരിതാർഥ്യം നൽകുന്നത് – മിനി വിനോദ് പറഞ്ഞു.

trucking

Related Posts