കർണാടകയിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള അന്യഭാഷക്കാർക്ക് കന്നഡ ഭാഷ എളുപ്പത്തിൽ സംസാരിക്കാനും വായിക്കാനും എഴുതാനും അവസരമൊരുക്കുന്ന ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ് (S S Tuitions), വൈറ്റ്ഫീൽഡ് സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ പഠന ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. കഴിഞ്ഞ 17 വർഷമായി നടന്നു വരുന്ന ഈ സൗജന്യ സംരംഭത്തിലൂടെ 4,000-ത്തിലധികം പേർ കന്നഡ ഭാഷ അഭ്യസിച്ച് ദൈനംദിന ജീവിതത്തിലും തൊഴിൽ മേഖലയിലും ആത്മവിശ്വാസത്തോടെ ഉപയോഗിച്ചുവരുന്നു. വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരെ കർണാടകയുടെ ഭാഷയോടും സംസ്കാരത്തോടും കൂടുതൽ അടുപ്പിക്കുന്ന ശ്രദ്ധേയമായ ഒരു സംരംഭമാണിത്.

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ (DBTA) പ്രസിഡണ്ട് ഡോ.സുഷമ ശങ്കർ, പ്രൊഫ.രാകേഷ് വി. എസ്, റെബിൻ രവീന്ദ്രൻ എന്നിവർ ചേർന്നാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഇവർ മൂന്നുപേരും കർണാടക കന്നഡ വികസന അതോറിറ്റി അംഗീകരിച്ച പരിശീലകരാണ്.

ജൂൺ 28 ഞായറാഴ്ച രാവിലെ 8.00 മുതൽ 10.00 വരെ ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ് (SSET), വൈറ്റ്ഫീൽഡ്, ബെംഗളൂരിൽ ഇൻട്രൊഡക്ഷൻ ക്ലാസും രജിസ്ട്രേഷനും നടക്കും. പരിശീലനത്തിൻ്റെ ഭാഗമായി ആഴ്ചയിൽ ഒരു ഓഫ്‌ലൈൻ ക്ലാസും രണ്ട് ഓൺലൈൻ ക്ലാസുകളും ഉണ്ടായിരിക്കും. പ്രതിമാസം കുറഞ്ഞത് രണ്ട് ഓഫ്‌ലൈൻ ക്ലാസുകളിലെങ്കിലും പങ്കെടുക്കണം. പ്രത്യേകമായി രൂപകൽപ്പന ചെയ്ത പഠനരീതിയിലൂടെ വെറും 30 ക്ലാസുകൾക്കുള്ളിൽ കന്നഡ സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയുമെന്ന് പരിശീലകർ ഉറപ്പുനൽകുന്നു.

ഇന്ത്യയിലെ ഏത് ഭാഷ സംസാരിക്കുന്നവർക്കും ഈ ക്ലാസിൽ പങ്കെടുക്കാം. കന്നഡ ഭാഷയിൽ മുൻപരിചയം ആവശ്യമില്ല. വിദ്യാർത്ഥികൾ, ജോലിക്കാർ, വീട്ടമ്മമാർ, മുതിർന്ന പൗരന്മാർ തുടങ്ങി കർണാടകയിൽ താമസിക്കുന്ന എല്ലാ കന്നഡ ഇതര ഭാഷക്കാരും ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 89010 41889, 81472 12724, 97428 53241

Related Posts