മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പൊലീസ് നിർദേശിച്ചു. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ ഒക്ടോബർ 28-നകം ഇന്ത്യ വിടണമെന്നാണ് നോട്ടീസിലെ നിർദേശം. ബോളിവുഡ് താരം ആമിർ ഖാൻ്റെ സഹോദരീപുത്രനാണ് ഇമ്രാൻ ഖാൻ.
ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ നിയമത്തിലെ സെക്ഷൻ 29, 7 എന്നിവ പ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലായതിന് പിന്നാലെ പൊലീസ് വാനിലിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഇമ്രാൻ, ‘ഞാനൊരു യാത്ര പോകുകയാണെന്ന് തോന്നുന്നു’ എന്ന കുറിപ്പും ചേർത്തിരുന്നു. മുംബൈയിലെ ഒരു പൗരൻ എന്ന നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതിനെ ചോദ്യം ചെയ്യാനാണ് എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.