ബെംഗളൂരു: തൊഴിൽസൃഷ്ടി ആനുകൂല്യം ലഭിച്ച ശേഷം മൂന്ന് മാസത്തിനകം ജീവനക്കാരെ പിരിച്ചുവിടുന്ന ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ. ഉദ്യോഗ നിധി പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിന്നാക്ക ജില്ലകളിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME) സൃഷ്ടിക്കുന്ന ഓരോ തൊഴിലിനും പ്രതിമാസം 2,500 രൂപ വീതം സർക്കാർ ആനുകൂല്യം നൽകും. രണ്ട് വർഷത്തേക്കാണ് ആനുകൂല്യം ലഭിക്കുക. ഏകദേശം 300 കോടി രൂപ ചെലവിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

യാദ്ഗിർ, ബീദർ, റായ്ച്ചൂർ, കലബുറഗി, കൊപ്പാൾ, വിജയനഗര, ബെളഗാവി, ഗദഗ്, ഹാവേരി, വിജയപുര, ബാഗൽകോട്ട് എന്നീ 11 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആനുകൂല്യം ലഭിച്ച ശേഷം മൂന്ന് മാസത്തിനകം ജീവനക്കാരെ പിരിച്ചുവിടുകയോ വ്യാജമായി തൊഴിൽസൃഷ്ടിച്ചതായി കണ്ടെത്തുകയോ ചെയ്താൽ, നൽകിയ തുക പലിശ സഹിതം തിരിച്ചുപിടിക്കാൻ സർക്കാരിന് അധികാരമുണ്ടാകും. നിലവിലുള്ള മറ്റ് നിയമങ്ങൾ പ്രകാരവും നടപടിയുണ്ടാകുമെന്ന് സർക്കാർ ഉത്തരവിൽ മുന്നറിയിപ്പ് നൽകി.

Related Posts