മഹാരാഷ്ട്ര പൂനെയിൽ ആളൊഴിഞ്ഞ ബസ്സിനുള്ളിൽ വെച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി . 75 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ പൂനെയിലെ ഷിരൂർ തഹസിൽനിന്ന് അർധരാത്രിയോടെ പ്രതി ദത്താത്രയ് ഗഡെ (36) യെ പോലീസ് കസ്റ്റഡിയിലെടുത്തു.
നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (എംഎസ്ആര്‍ടിസി) ശിവ്ഷാഹി എസി ബസ്സിലാണു സംഭവം നടന്നത്.
പ്രതിയെ പിടികൂടാൻ പോലീസ് 8 അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വീട്ടുജോലിക്കാരിയായ യുവതി സത്താറയിലേക്കു പോകാന്‍ ബസ്സ് കാത്തുനില്ക്കുമ്പോള് സഹായിക്കാൻ എന്ന വ്യാജേന സമീപിച്ച് ബസില്‍ കയറ്റുകയായിരുന്നു. ബസില്‍ ആരും ഉണ്ടായിരുന്നില്ല.
വാതിലുകള്‍ അടച്ചശേഷം ഇയാള്‍ യുവതിയെ പീഡിപ്പിച്ചു. സംഭവത്തിനുശേഷം മറ്റൊരു ബസ്സില്‍ കയറിയ യുവതി സുഹൃത്തിനോടു വിവരം പറഞ്ഞു. തുടര്‍ന്ന് സുഹൃത്തിന്റെ നിർദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.