നാടൻപാട്ട് കലാകാരിയും നർത്തകിയുമായ ഗൗരി നന്ദ (20) തമിഴ്നാട് ചിദംബരം ഭാഗത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തൃപ്പൂണിത്തുറ എരൂർ കുന്നറയിൽ കുന്നറ വീട്ടിൽ കെ.എ. അജേഷിന്റെയും ഷീജയുടെയും ഏക മകളാണ്. ഇവൻറ് ഗ്രൂപ്പിനൊപ്പം തമിഴ്നാട്ടിൽ കലാപരിപാടിക്ക് പോയതായിരുന്നു. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ഓഗസ്റ്റ് 2 ന് വൈകിട്ടായിരുന്നു അപകടം.
ചിദംബരം അമ്മപ്പെട്ടെബൈപ്പാസ് ഭാഗത്ത് വെച്ച് ഗൗരി നന്ദയും മറ്റും സഞ്ചരിച്ചിരുന്ന കാർ മറിയുകയായിരുന്നു. സംഘത്തിലുള്ള 8 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ ഒരു കലാപരിപാടി കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് സംഘം പോകുമ്പോഴാണ് കാർ മറിഞ്ഞത്. തൃശ്ശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കടലൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.