കാപ്പ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പത്തിലധികം കേസിൽ പ്രതിയാണ് ഇയാൾ. ബംഗളൂരുവിൽ ഒളിസങ്കേതത്തിൽ നിന്ന് കൊട്ടിയം തഴുത്തല വിളയിൽപുത്തൻവീട്ടിൽ ‘പൊട്ടാസ്’ എന്ന നിഷാദിനെ(34) ആണ് കൊട്ടിയം എസ്.എച്ച്.ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളാണ് ഉള്ളത്. ഒരു മാസത്തോളമായി ഒളിവിലായിരുന്ന ഇയാൾ ബംഗളുരുവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഒളിത്താവളത്തിൽ നിന്ന് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.