മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ഒടുവിൽ സ്വന്തം വീട്. നടൻ്റെ മരണത്തിന് ശേഷം 16 വർഷത്തോളം വാടകവീട്ടിൽ കഴിഞ്ഞ ഭാര്യ ഫാസിലയും മക്കളായ സർഫയും മർവയും ഇപ്പോൾ പുതിയ വീട്ടിലേക്ക് മാറി.

കൊച്ചി വെണ്ണല അംബേദ്കർ റോഡിൽ നിർമിച്ചിരിക്കുന്ന മൂന്ന് നില വീടിന് ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പിതാവ് എ.ബി. മുഹമ്മദിൻ്റെ പേരിൽ വീട് നിർമിക്കണമെന്നത് കൊച്ചിൻ ഹനീഫയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബം പറയുന്നു. അഞ്ച് ബെഡ്റൂമുകളുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് വീട് ഒരുക്കിയിരിക്കുന്നത്.

ഗൃഹപ്രവേശ ചടങ്ങിൽ നടൻ ദിലീപും പങ്കെടുത്തു. ഹനീഫയുടെ മരണശേഷം കുടുംബത്തിന് താങ്ങായി നിന്നവരിൽ പ്രധാനിയാണ് ദിലീപ്. ഹനീഫയുടെ ഇന്നോവ കാർ തൻ്റെ സിനിമാ സെറ്റുകളിൽ ഉപയോഗിക്കാൻ അനുവദിച്ച് കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പാക്കാൻ അദ്ദേഹം സഹായിച്ചതായും കുടുംബം വ്യക്തമാക്കി.

നിയമനടപടികൾ കാരണം വർഷങ്ങളോളം തടസപ്പെട്ടിരുന്ന ഹനീഫയുടെ സ്വത്തുക്കൾ മക്കൾ പ്രായപൂർത്തിയായതോടെ കുടുംബത്തിന് തിരിച്ചുകിട്ടുകയായിരുന്നു. ഇതോടെയാണ് ഏറെക്കാലത്തെ സ്വപ്നമായ സ്വന്തം വീട് യാഥാർഥ്യമായത്.

ഹനീഫ മരിക്കുമ്പോൾ മക്കൾക്ക് വെറും നാല് വയസായിരുന്നു. ബന്ധുക്കളുടെ നിർദേശമുണ്ടായിട്ടും നാട്ടിലേക്ക് മടങ്ങാതെ കൊച്ചിയിൽ തന്നെ തുടരാൻ തീരുമാനിച്ച ഫാസില, 16 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലേക്ക് മാറിയത്.

Related Posts