പൂജ, ദസറ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആർടിസിയുടെ സ്വകാര്യ വാടക എസി ബസ് സർവീസുകൾ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കാനാണ് തീരുമാനം. നിലവിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് വാടക ബസുകൾ സർവീസ് നടത്തുന്നത്. പുതിയ റൂട്ടുകളിലേക്ക് അധികം വൈകാതെ സർവീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
എസി സീറ്റർ ബസുകൾക്ക് പുറമേ സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകളും പുതിയ സർവീസുകൾക്കായി ലഭ്യമാക്കും. യാത്രക്കാരുടെ സൗകര്യവും ഉത്സവകാലത്തെ അധിക തിരക്കും പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിക്കുന്നത്. നിലവിലുള്ള വാടക ബസ് സർവീസുകൾ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തുന്നത്. ഉത്സവ സീസണിലെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനാന്തര റൂട്ടുകളിൽ സർവീസ് നടത്തുന്നതിനായി ആറ് മാസത്തേക്ക് 63 എസി ബസുകൾ വാടകയ്ക്ക് എടുക്കാൻ കേരള ആർടിസി നേരത്തെ ടെൻഡർ ക്ഷണിച്ചിരുന്നു.
എന്നാൽ കരാറിനോട് ആവശ്യമായ താൽപര്യം ലഭിക്കാത്തതിനെ തുടർന്നാണ് സർവീസിൻ്റെ കാലാവധി മൂന്ന് മാസമായി കുറച്ചത്. സംസ്ഥാനാന്തര സർവീസുകൾക്ക് അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്. പൂജ–ദസറ അവധിക്കാലത്ത് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പുതിയ സർവീസുകൾ യാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.