ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു. ഹംഗറി, ഇന്ത്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർ പങ്കെടുക്കുന്ന ദൗത്യം ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നാണ് പുറപ്പെട്ടത്. നാളെ ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും (ഐഎസ്എസ്) ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ബഹിരാകാശ യാത്രികൻ പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്താൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യ സംഘത്തിലുള്ളത്.
ഒരു ഇന്ത്യക്കാരൻ 41 വർഷങ്ങൾക്കുശേഷം ബഹിരാകാശത്തേക്ക് പോകുന്നുവെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ 1984 ൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദർശനത്തിന് 4 പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാൽ രാകേഷ് ശർമ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നില്ല. അതിനാൽ, ഡ്രാഗൺ പേടകം ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലാകും.