മംഗളൂരു സിറ്റി കോർപറേഷൻ്റെ (എം.സി.സി) പ്രധാന വകുപ്പുകളിലായി, കർണാടക ലോകായുക്ത മംഗളൂരു, ഉഡുപ്പി ഡിവിഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റെയ്ഡിൽ നിരവധി ഭരണപരമായ വീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തി. ലോകായുക്ത പൊലീസ് ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. ഗണ പി. കുമാർ, ഉഡുപ്പിയിൽനിന്നുള്ള മഞ്ജുനാഥ്, മംഗളൂരുവിൽ നിന്നുള്ള കെ.എൻ. ചന്ദ്രശേഖർ, പി. സുരേഷ് കുമാർ, ഇൻസ്പെക്ടർമാരായ ജി. ഭാരതി, എം.എൻ. രാജേന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത ഓപറേഷൻ.
പരിശോധന നടത്തിയത് ലോകായുക്തയിൽ നിന്ന് ലഭിച്ച സെർച്ച് വാറണ്ടിൻ്റെ അടിസ്ഥാനത്തിലാണ്. കമ്മീഷണറുടെ ഓഫിസിനൊപ്പം റവന്യൂ, ആരോഗ്യം, എൻജിനീയറിങ്, അക്കൗണ്ട്സ്, ടൗൺ പ്ലാനിങ് വകുപ്പുകളും ഇതിൽ ഉൾപ്പെടുന്നു. റവന്യൂ, ടൗൺ പ്ലാനിങ് വിഭാഗങ്ങളിൽ ഇടനിലക്കാരുടെ സാന്നിധ്യം വളരെ കൂടുതലായിരുന്നു. കണക്കിൽപ്പെടാത്ത അഞ്ച് ലക്ഷം രൂപ ഒരു ബ്രോക്കറുടെ കൈവശം കണ്ടെത്തി. 15 വർഷം മുമ്പ് ആരോഗ്യ ഓഫിസറായി വിരമിച്ച ഉദ്യോഗസ്ഥൻ അതേ തസ്തികയിൽ തുടരുന്നത് കണ്ടെത്തി.