നിലമ്പൂരില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെകൂടി അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുമെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. വിജയിയായ ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ജയിച്ചാലും തോറ്റാലും എല്‍ഡിഎഫ് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സ്വരാജ് പറഞ്ഞു.

‘വിജയിയായ ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍. കുറഞ്ഞ കാലത്തേക്കാണെങ്കിലും എംഎല്‍എ എന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ,’ സ്വരാജ് പറഞ്ഞു. ‘ രാഷ്ട്രീയ പോരാട്ടമായി ഈ ഉപതിരഞ്ഞെടുപ്പിനെ വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. വിവാദങ്ങളിലൂടെ എതിര്‍പാര്‍ട്ടികള്‍ തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് പിടികൊടുക്കാതിരിക്കാന്‍ ശ്രമിച്ചു. വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളുമാണ് ജനങ്ങളുമായി സംവദിക്കാന്‍ ശ്രമിച്ചത്. ജനങ്ങള്‍ അത് ആ നിലയില്‍ തന്നെ പരിഗണിച്ചില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്,’ സ്വരാജ് പറഞ്ഞു.

ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുന്നോട്ടുപോകും. നിലമ്പൂരിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ല. അങ്ങനെ പറഞ്ഞാൽ ഈ സർക്കാരിൻ്റെ ഭരണപരിഷ്‌കാരങ്ങളും വികസന നടപടികളെയും ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് പറയേണ്ടിവരും. അങ്ങനെ തോന്നുന്നില്ല,

‘ഇടതുസർക്കാരിൻ്റെ കാലത്താണ് കറണ്ട്കട്ട് അടക്കം ഇല്ലാതായത്. ഭരണവിരുദ്ധവികാരം എന്നുപറയുമ്പോൾ, വീണ്ടും കറണ്ടുകട്ടിൻ്റെ കാലത്തേക്ക് തിരിച്ചുപോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നാണോ പറയുന്നത്. ക്ഷേമപെൻഷൻ ഉയർത്തിയതും കൃത്യമായി വിതരണം ചെയ്യുന്നതും ഇടതുസർക്കാരാണ്. അപ്പോൾ പെൻഷൻ നിർത്തിവെക്കണം എന്നാണ് നിലമ്പൂരിലെ വിധിയിലൂടെ ജനം ഉദ്ദേശിച്ചത് എന്ന് പറയുന്നത് ശരിയാണോ?’ സ്വരാജ് ചോദിച്ചു

Related Posts