ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കം സ്വന്തമാക്കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെയും സെഞ്ചുറികളാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സില്‍ മികച്ച നിലയില്‍ എത്തിച്ചിരിക്കുന്നത്. മത്സരത്തിൽ 159 പന്തുകൾ നേരിട്ട ജയ്സ്വാൾ ഒരു സിക്സും 16 ഫോറുമടക്കം 101 റൺസെടുത്തു. ഇംഗ്ലണ്ടിനെതിരേ 10 ഇന്നിങ്സുകളിൽ നിന്ന് താരത്തിന് 813 റൺസായി. ശരാശരി 90.33. ഇതോടെ കുറഞ്ഞത് 500 റൺസെങ്കിലും നേടിയ താരങ്ങളിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റവും ഉയർന്ന ടെസ്റ്റ് ബാറ്റിങ് ശരാശരിയെന്ന നേട്ടവും ജയ്സ്വാളിന് സ്വന്തമായി.
ജയ്സ്വാളിൻ്റെ നേട്ടം ഓസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാ നെ മറികടന്നാണ്. ഇംഗ്ലണ്ടിനെതിരേ 63 ഇന്നിങ്സുകളിൽ നിന്ന് 89.78 ശരാശരിയിൽ 5028 റൺസായിരുന്നു ബ്രാഡ്മാന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരേ 90-ൽ കൂടുതൽ ബാറ്റിങ് ശരാശരിയുള്ള ആദ്യ ബാറ്റർ കൂടിയാണ് ജയ്സ്വാൾ. 3 രാജ്യങ്ങൾക്കെതിരേ വിദേശമണ്ണിൽ ആദ്യടെസ്റ്റിൽ സെഞ്ചുറി നേടുകയെന്ന നേട്ടമാണ് ജയ്സ്വാളിന് കൈവന്നത്.
വെസ്റ്റിൻഡീസിനെതിരേ 2023-ൽ റൊസേവു ടെസ്റ്റിൽ 171 റൺസടിച്ച ജയ്സ്വാൾ, ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും കളിച്ച ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടി. 2024 നവംബറിൽ പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു സെഞ്ചുറി. ഓസീസ് മണ്ണിൽ ജയ്സ്വാളിൻ്റെ ആദ്യ ടെസ്റ്റ് കൂടിയായിരുന്നു ഇത്. അന്ന് 297 പന്തിൽ നിന്ന് മൂന്ന് സിക്സും 15 ഫോറുമടക്കം 161 റൺസാണ് ജയ്സ്വാൾ നേടിയത്. വിദേശത്തെ ടെസ്റ്റിൽ ജയ് സ്വാളിൻ്റെ മൂന്നാം സെഞ്ചുറി കൂടിയായിരുന്നു ഇത്.