ഇറാൻ-ഇസ്രയേൽ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോൾ പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ. ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ ഇസ്രയേലിനെതിരേ പ്രയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സംഘർഷത്തിൽ ഇതാദ്യമായാണ് ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സൈന്യം തയ്യാറായില്ല.
ഇറാൻ സൊറോക ആശുപത്രി ആക്രമണത്തിന് കനത്തവില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുൾപ്പെടെ ഇറാനിൽ ആരും സുരക്ഷിതരല്ലെന്ന് സൊറോക സന്ദർശിച്ച് നെതന്യാഹു ഭീഷണി മുഴക്കി. ഇറാന്റെ ആണവപദ്ധതികളെ മുച്ചൂടും മുടിക്കുമെന്നും ആവർത്തിച്ചു.