ചൈന യു.എസ് വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നു. ആഗോള വിപണി തകർന്നടിയുന്ന സാഹചര്യത്തിൽ താരിഫ് യുദ്ധത്തിൽ നിന്ന് പിന്മാറാതെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിൻവലിച്ചില്ലെങ്കിൽ അധിക തീരുവയായി 50 ശതമാനം കൂടി കൂട്ടുമെന്ന് ട്രംപിൻ്റെ ഭീഷണി. നടപ്പിലാക്കിയ 20 ശതമാനം താരിഫുകൾക്കും കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ച 34 ശതമാനത്തിനും പുറമെയാണിത്.
ഇത് നടപ്പായാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ വരുന്നത് 104 ശതമാനം തീരുവയാകും. ചൈന 2 ദിവസം മുമ്പാണ് യു.എസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം നികുതി പ്രഖ്യാപിച്ചത്. 34 ശതമാനം നികുതി ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ട്രംപിൻ്റെ തിരിച്ചടി.
തൻ്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ്-ചൈനയ്ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യു.എസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിൻവലിച്ചില്ലെങ്കിൽ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നാണ് ട്രംപ് തൻ്റെ സമുഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്.