ഇന്ത്യയിൽ ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 6815 സജീവ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 324 പുതിയ കോവിഡ് കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രായമായവരിലും മറ്റ് രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ്. പൊതുയിടങ്ങ യാത്രകളിലും മാസ്‌ക് ധരിക്കണം.

കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത് ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്.എഫ്.ജി. ആണ്. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. നിലവില്‍ സംസ്ഥാനത്ത് 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്.

എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. സ്‌റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി.

രോഗികളെ കോവിഡ് കാരണം അനാവശ്യമായി സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കേണ്ടതാണ്.

Related Posts