മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ച് 14 വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യ രണ്ടാം ഏകദിനലോകകപ്പുയർത്തിയത്. മഹേന്ദ്രസിങ് ധോനിയുടെ ഫിനിഷിങ്ങും ഗൗതം ഗംഭീറിൻ്റെ പോരാട്ടവും ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും മറക്കാനാവില്ല. അന്നത്തെ ഇന്ത്യൻ ടീമിലുണ്ടായിരുന്ന സ്‌പിന്നർ പീയുഷ് ചൗള കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അതോടെ 2011-ലെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലുൾപ്പെട്ടിരുന്ന 14 പേരും ഏകദിനത്തിൽ നിന്ന് വിരമിച്ചു. വിരാട് കോലി മാത്രമാണ് ഇപ്പോഴും ഇന്ത്യക്കൊപ്പമുള്ളത്.

2020-ലാണ് അന്ന് ടീമിന്‍റെ നായകനായിരുന്ന മഹേന്ദ്രസിങ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമാണ് താരം കളിക്കുന്നത്. ഈ സീസണിൽ ചെന്നൈയുടെ നായകനായി ധോനി തിരിച്ചെത്തിയിരുന്നു. 2012-ലാണ് ഏകദിനക്രിക്കറ്റിൽ നിന്ന് സച്ചിൻ തെണ്ടുൽക്കർ വിരമിച്ചത്. 2013-ൽ ടെസ്റ്റിൽ നിന്നും വിരമിച്ചു. 2011-ലെ കിരീടനേട്ടത്തോടെയാണ് സച്ചിൻ തെണ്ടുൽക്കർ എന്ന ഇതിഹാസത്തിന്‍റെ കരിയറിന് പൂർണതകൈവരുന്നത്. ഗൗതം ഗംഭീർ കിരീടം നേടിയതിന് പിന്നാലെ 3 വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചു പിന്നീട് 2018-ലാണ് താരം വിരമിക്കുന്നത്. നിലവിൽ ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനാണ് ഗംഭീർ ഓൾറൗണ്ടർ യുവ്‌രാജ് സിങ്ങാകട്ടെ 2019-ലാണ് വിരമിക്കുന്നത്.

സുരേഷ് റെയ്ന 2020-ലും ഓപ്പണറായിരുന്ന വിരേന്ദർ സെവാഗ് 2015-ലും വിരമിക്കൽ പ്രഖ്യാപിച്ചു. ധോനി വിരമിച്ചതിന് പിന്നാലെയാണ് റെയ്‌നയും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. 2015-ൽ വിരമിച്ച സഹീർ ഖാൻ പിന്നീട് കമന്ററിയിലും മെൻ്റർ റോളുകളിലും സജീവമായി. കഴിഞ്ഞ ഡിസംബറിലാണ് ടീമിലെ സ്പ്‌പിന്നർമാരായിരുന്ന ഹർഭജൻ സിങ് 2021-ൽ വിരമിച്ചപ്പോൾ രവിചന്ദ്രൻ അശ്വിൻ വിരമിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മുനാഫ് പട്ടേൽ 2018-ലും യൂസഫ് പത്താൻ 2021-ലും പടിയിറങ്ങി. എന്നാൽ വിവാദങ്ങൾ പിടിച്ചുലച്ച കരിയറിനൊടുക്കം 2022-ലാണ് മലയാളി താരം ശ്രീശാന്ത് വിരമിച്ചത്. 15 അംഗസ്ക്വാഡിലെ 14 പേരും വിരമിച്ചപ്പോൾ കോലി മാത്രമാണ് ഏകദിനത്തിൽ സജീവമായി കളിക്കുന്നത്. അടുത്തിടെയാണ് കോലി റെഡ്ബോൾ ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയത്. 2024 ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ കോലി ടി20 കരിയറും അവസാനിപ്പിച്ചിരുന്നു.

Related Posts